ഞാനറിയുന്ന യേശു



ഈയിടെ ഇന്റെര്‍നെറ്റില്‍ പ്രചരിച്ച ഒരു വിഷയം ഞാന്‍ കാണുകയുണ്ടായി.അതാണ് ഈ ലേഖനം എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.
ഈശോ ദൈവപുത്രനല്ല, പരിശുദ്ധ ത്രീത്വം എന്നൊന്നില്ല എന്നുതുടങ്ങി സാധാരണ ജനങ്ങളെ കബളിപ്പിക്കാനായി കുറെ ബൈബിള്‍ വാക്യം അവിടുന്നും ഇവിടുന്നും പെറുക്കിയിട്ട് ആകെ ഒരു ദൈവമല്ലാതെ അതില്‍ 3 പേരുണ്ടെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും അങ്ങനെ അടിസ്ഥാന്മില്ലാത്ത ഒരു തത്വം പ്രചരിപ്പിക്കുന്നതിനാലാണ് കത്തോലിക്കാ സഭ ക്ഷയിച്ചുകൊണ്ടിരിക്കുന്നത്; എന്നിങ്ങനെ തന്റെ ആശയങ്ങള്‍ മറ്റുള്ളവരിലേക്ക് ആഴ്ന്നിറങ്ങാനായി സുവിശേഷത്തെ വളച്ചൊടിച്ച് മലയാളത്തില്‍ ബ്ലോഗെഴുതിയ ആ മഹത് വ്യക്തിയോട് എനിക്ക് ഒന്നുമാത്രമേ പറയാനുള്ളൂ ; സത്യത്തെ എത്ര വലിയ നുണ കൊണ്ട് പൊതിഞ്ഞു വെച്ചാലും അത് മറയുകയില്ല. സൂര്യനെ ക്ഷണ നേരത്തേക്ക് മേഘം മറച്ചേക്കാം എന്നാല്‍ സൂര്യനെ ജയിക്കാന്‍ മേഘത്തിനാവുമോ? സ്വന്തം മതവിശ്വാസമാണ് വലുതെന്നുകാണിക്കാന്‍ അന്യ മത വിശ്വാസങ്ങളെ കരിതേച്ചു കാണിക്കുകയല്ല വേണ്ടത് അവനവന്റെ വിശ്വാസ സത്യങ്ങള്‍ അവതരിപ്പിച്ചുവേണം ശ്രദ്ധ നേടാന്‍ എല്ലാറ്റിനും ഉപരി ദൈവത്തിനു പ്രാധാന്യം നല്‍കുക എല്ലാ മതങ്ങളും നന്മയും സത്യവും പ്രചരിപ്പിക്കട്ടെ! ദൈവത്തെ പ്രതി തമ്മിലടിക്കാതെ മാനുഷീക മൂല്യങ്ങള്‍ക്ക് മുന്‍ ഗണന കൊടുക്കട്ടെ! ഞാന്‍ അവതരിപ്പിക്കുന്നത് യേശുവിനെപ്പറ്റിയുള്ള കുറച്ചു കാര്യങ്ങള്‍ മാത്രമാണ്. ഇത് ശരി മനസ്സിലാക്കുന്നതിനുവേണ്ടി മാത്രമാണ്.
ലോകത്തില്‍ ഇന്നുവരേയും ജനിച്ചവരിലും ഇനി ജനിക്കാനിരിക്കുന്നവരിലും യേശുവിനെപ്പോലൊരു വ്യക്തിത്വം ഉണ്ടാവുകയില്ല.
ദൈവത്താല്‍ പ്രത്യേകം തിരെഞ്ഞെടുക്കപ്പെട്ടവളായ പരി.കന്യാമറിയത്തിന്റെ മകനായിട്ടാണ് ഈശോ ജനിച്ചത്. പരിശുദ്ധാത്മാവ് കന്യകയായ മറിയത്തില്‍ വന്നു നിറയുകയും ദൈവ ക്രുപയാല്‍ അവള്‍ ഈശോയെ ഗര്‍ഭം ധരിക്കുകയും ചെയ്തു.അബ്രാഹത്തിന്റെ യും ദാവീദിന്റെയും വംശത്തില്‍ ജോസഫിന്റെ മകനായിട്ടാണ് (മത്താ.1:1) യേശു പിറന്നത്.
ഒരു സാധാരണ മരപ്പണിക്കാരനായ ജോസഫിന്റെ അധ്വാനം മാത്രമായിരുന്നു ആ കുടുംബത്തിന്റെ ഏക വരുമാനം. ദരിദ്രനില്‍ ദരിദ്രനായി പുല്‍കൂട്ടില്‍ പിറക്കേണ്ടി വന്നു ഈശോയ്ക്ക്.
ജോസഫിനും മേരിക്കും ഈശോ ഏക പുത്രനാണ് എന്നതിനേക്കാള്‍ ദൈവ പുത്രനാണ് എന്നയാധാര്‍ത്ഥ്യം കൂടി അറിയാവുന്ന അവര്‍ എത്രമാത്രം വാത്സല്യം ചൊരിഞ്ഞിട്ടുണ്ടാകണം.എന്നാല്‍ യേശുവാകട്ടെ ലൂക്കാ സുവിശേഷകന്‍ സാക്ഷ്യപ്പെടുത്തും പോലെ “ .....അവര്‍ക്ക് വിധേയനായി ജീവിച്ചു ” (ലൂക്കാ.2:51) മറ്റ് മനുഷ്യരെപ്പോലെതന്നെ മാതാപിതാക്കള്‍ക്കു മാത്രമല്ല മറ്റ് മനുഷ്യര്‍ക്കും ദൈവത്തിനും ഇഷ്ടമുള്ളവനായാണ് ( ലൂക്കാ.2:52) ഈശോ വളര്‍ന്നത്.
ബാല്യം കഴിഞ്ഞ് യേശുവിന്റെ ക‌ൗമാര കാലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നമുക്കു ലഭ്യമല്ല. കാരണം ഒരു ചരിത്രമെഴുതുകയായിരുന്നില്ല ബൈബിളിന്റെ ധര്‍മ്മം; ദൈവീക സ്നേഹത്തെക്കുറിച്ചും പദ്ധതിയെക്കുറിച്ചും എല്ലാവര്‍ക്കും മനസിലാക്കികൊടുക്കുക എന്നതു മാത്രമായിരുന്നു. അതിനാല്‍ 30 വയസായ യുവാവായ യേശുവിനെയാണ് നാം പിന്നീട് കണ്ടെത്തുക.
യേശുവിന്റെ വചനങ്ങളും പ്രബോധനങ്ങളും സാധാരണ ജന വിഭാഗത്തെ ആകര്‍ഷിച്ചു.യേശുവിനും ശിഷ്യര്‍ക്കും സ്വന്തമായി സമ്പാദ്യം പോലും ഉണ്ടായിരുന്നില്ല. അവന്റെ ശിഷ്യന്മാര്‍ വിശന്നപ്പോള്‍ ഗോതമ്പ് പറിച്ച് തിന്നതായി (മത്താ.12:1) ബൈബിളില്‍ കാണുന്നു.ഒരു സാധാരണ മനുഷ്യനായി ജീവിച്ച് കരയുന്നവരോടൊപ്പം കരഞ്ഞ് വേദനിക്കുന്നവരോടു കൂടെ വേദനിച്ച യേശു തന്റെ ഒരു സ്നേഹിതന്‍ മരിച്ചതറിഞ്ഞ് (യോഹ.11:34) കണ്ണീര്‍പൊഴിച്ചു. അത്രയേറെ അവിടുന്ന് ഒരു പച്ചയായ മനുഷ്യനായിരുന്നു.
പീഢാനുഭവ വേളയില്‍ ശരീരത്തിലേറ്റ ക്ഷതങ്ങള്‍ അവിടുത്തെ വേദനിപ്പിച്ചു. പിതാവിനോട് നിലവിളിക്കുകയും പരിഭവിക്കുകയും ചെയ്യുന്ന ഈശോ നമ്മെ അത്ഭുതപ്പെടുത്തിയേക്കാം. എന്നാല്‍ അത്രയധികമായി മനുഷ്യനായിരിക്കണമെന്നതും സഹിക്കണമെന്നതും പിതാവിന്റെ അഭീഷ്ടമായിരുന്നു. ആ അഭീഷ്ടത്തിനു വഴങ്ങുക മാത്രമാണ് അവിടുന്ന് ചെയ്തത്.
ദൈവം മനുഷ്യനായി പിറക്കുക അനിവാര്യമായിരുന്നു. കാരണം പാപം നിറഞ്ഞ ലോകത്തെ രക്ഷിക്കാന്‍ മനുഷ്യനായി ജനിച്ച് ജീവിച്ച് മരിച്ച ഉയിര്‍ത്തവനുമാത്രമേ കഴിയൂ എന്ന് ദൈവം അറിഞ്ഞു. അതിനാല്‍ തന്റെ പുത്രനെ ലോകത്തിനു നല്‍കിയ ദൈവം ഉന്നതങ്ങളില്‍ മാത്രം ഇരിക്കുന്നവനല്ല; ഇന്നും നമ്മോടൊപ്പം വസിക്കുന്നവനാണ്.
മനുഷ്യ ദൈവങ്ങള്‍ ഏറെയുള്ള സമയമാണിപ്പോള്‍. ദൈവം മനുഷ്യനായി പിറക്കുകയല്ല മനുഷ്യന്‍ ദൈവമായി പിറക്കുകയാണ്. അത്തരം ദൈവങ്ങള്‍ക്ക് മനുഷ്യപ്രീതിയും സ്ഥാനമാനങ്ങളും ഗുണ്ടാസംഘങ്ങളും സ്തുതിപാഠകരും അംഗരക്ഷകരും മണിമന്ദിരങ്ങളുമെല്ലാം വേണം. അവരുടെ തട്ടിപ്പില്‍ വീഴുന്ന മനുഷ്യര്‍ ഇതുവരേയും കണ്ണുതുറക്കാത്തതാണ് അത്ഭുതം.
ഇത്തരക്കാരെപ്പറ്റി വി.ഗ്രന്ഥം ഇപ്രകാരമാണ് പറയുന്നത് - “ സാധ്യമെങ്കില്‍ തെരെഞ്ഞെടുക്കപ്പെട്ടവരെ വഴി തെറ്റിക്കുന്നതിന് അത്ഭുതങ്ങളും അടയാളങ്ങളും അവര്‍ പ്രവര്‍ത്തിക്കുന്നു.” ( മര്‍ക്കോ.13:22 )
എന്നാല്‍ ഈശോ അവരില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥനായിരുന്നു. സമ്പത്തായിരുന്നില്ല അവിടുത്തെ പിന്‍ബലം; ദൈവ പിതാവായിരുന്നു. സമ്പന്നരെത്തേടിയല്ല അവിടുന്നു വന്നത് രോഗികളും ദരിദ്രരും പീഡിതരും ആകുലരുമായവരെത്തേടിയാണ്. ഉള്ളവന്‍ ഇല്ലാത്തവനുമായി പങ്കു വെയ്ക്കട്ടെയെന്നാണ് അവിടുന്നു പറഞ്ഞത്. ദൈവത്തേയും മറ്റുള്ളവരേയും സ്നേഹിക്കാനാണ് അവിടുന്ന് പടിപ്പിച്ചത്. സ്നേഹമായിരുന്നു അവിടുത്തെ മുഖമുദ്ര.
ഇന്ന് നമ്മള്‍ ഈശോയെക്കുറിച്ച് അറിയുന്നത് ബൈബിള്‍ വഴിയും ശിഷ്യന്മാര്‍ വഴി പാരമ്പര്യമായി ലഭിച്ച അറിവുകള്‍ വഴിയുമാണ്. ബൈബിള്‍ എഴുതിപ്പൂര്‍ത്തിയക്കുന്നതിന് ആയിരത്തിലേറെ വര്‍ഷങ്ങളെടുത്തു. ഇവയില്‍ ഏറിയ പങ്കും തലമുറകളിലേക്ക് വാചികമായി തിരുസഭയിലൂടെ പകര്‍ന്ന പാരമ്പര്യമാണ്. ഈ പാരമ്പര്യമാണ് പിന്നീട് ഒറ്റ ഗ്രന്ഥമായി രചിക്കപ്പെട്ടത്. പഴയ നിയമത്തില്‍ യേശുവിനെ പ്രതീക്ഷിച്ചിരുന്ന ജനത്തേയും പുതിയ നിയമത്തില്‍ ക്രിസ്തുവിന്റെ ജനനവും അതു വഴി ലഭ്യമായ ലോക രക്ഷയേയും കുറിച്ച് പ്രതിപാദിക്കുന്നു.
യേശുവിന്റെ പ്രബോധനങ്ങളും ജീവിത സംഭവങ്ങളും വാമൊഴിയില്‍ മാത്രം നില്‍ക്കാതെ ആദ്യ കാലത്തുതന്നെ അത് ലിഖിത രൂപത്തിലുണ്ടായിരുന്നുവെന്ന് പണ്ഡിതന്മാര്‍ വിവക്ഷിക്കുന്നു. വി. മത്തായിയുടെ സുവിശേഷം അപ്രകാരമുള്ള സമാഹാരങ്ങള്‍ കൂട്ടിച്ചേര്‍ത്തതാണെന്നു കരുതുന്നു.എങ്കിലും പൊതുവേ വി. മര്‍ക്കോസിന്റെ സുവിശേഷമാണ് ഏറ്റവും പഴക്കമേറിയതെന്ന് വിശ്വസിക്കുന്നു.യേശുവിന്റെ ശിഷ്യന്മാരും മറ്റ് പ്രഘോഷകരും പ്രസംഗിക്കുകയും കൈമാറുകയും ചെയ്ത യേശുവിന്റെ ജീവിത സംഭവങ്ങളും പ്രബോധനങ്ങളും ക്രൈസ്തവ സമൂഹം ശ്രദ്ധാപൂര്‍വ്വം സൂക്ഷിക്കുകയും വിചിന്തനം ചെയ്യുകയും ചെയ്തു. ഇത് ക്രോഡീകരിച്ചാണ് വി. മര്‍ക്കോസ് ആദ്യമായി വി. ഗ്രന്ഥം രചിച്ചത്. കേവലം ചരിത്ര പുസ്തകമായി സ്ഥലകാല വിവരങ്ങള്‍ ക്രമത്തില്‍ വിവരിക്കുകയായിരുന്നില്ല സുവിശേഷകന്റെ ലക്ഷ്യം. സ്വന്തമായ ദൈവീക വീക്ഷണത്തില്‍ സംഭവങ്ങളെ ക്രമീകരിക്കുകയും വ്യാഖ്യാനിക്കുകയുമാണ് സുവിശേഷകന്‍ ചെയ്യുന്നത്.
മര്‍ക്കോസ് സുവിശേഷകന്‍ തന്റെ സുവിശേഷമാരംഭിക്കുന്നത് ഇപ്രകാരമാണ് - “ദൈവ പുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം.” (മര്‍ക്കോ.1:1) യേശു ദൈവ പുത്രനാണെന്നുള്ള വിശ്വാസവും ഉറപ്പും ആദ്യം തന്നെ പ്രഖ്യാപിക്കുകയാണ് വി. മര്‍ക്കോസ് ചെയ്യുന്നത്.
സ്നാപകയോഹന്നാന്‍ യേശുവിനെപ്പറ്റി ഇപ്രകാരം പറയുന്നു. “.....ഇവന്‍ ദൈവ പുത്രനാണെന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു.” (യോഹ.1:33 -34) യേശുവിന്റെ ജ്ഞാനസ്നാന വേളയില്‍ സ്വര്‍ഗ്ഗം തുറക്കപ്പെടുകയും പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തില്‍ ഇറങ്ങി വരികയും ചെയ്തു. സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു സ്വരവും കേട്ടു. “ നീ എന്റെ പ്രിയ പുത്രന്‍; നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.” (മര്‍ക്കോ.1:11) ദൈവപിതാവ് സ്വന്ത പുത്രനെക്കുറിച്ച് പറയുന്നതാണിത്. ഈശോ ദൈവപുത്രനാണെന്നതിന് ഇതിനേക്കാള്‍ വലിയ തെളിവ് എന്താണുള്ളത്.
യേശുവിന്റെ ജനനത്തെക്കുറിച്ച് പറയുന്ന ഭാഗത്ത് ദൂതന്‍ പരിശുദ്ധമറിയത്തോട് പറയുന്നു : “ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍ ദൈവപുത്രനെന്ന് അറിയപ്പെടും”. (ലൂക്ക: 1:35)
ഈശോയെ പരീക്ഷിക്കുന്ന സമയത്ത് പിശാചിനോട് ഈശോ പറയുന്നു നിന്റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത് എന്നും എഴുതപ്പെട്ടിരിക്കുന്നുവെന്ന് (ലൂക്കാ. 4:12) ഇതു കേട്ട് പിശാചുപോലും ഭയന്നു പോയി. മറ്റൊരു സന്ദര്‍ഭവും ബൈബിളില്‍ വിവരിക്കുന്നുണ്ട് ; അശുദ്ധാത്മാക്കള്‍ യേശുവിനെ കണ്ടപ്പോള്‍ നീ ദൈവപുത്രനാണ് എന്നു വിളിച്ചുപറഞ്ഞു.(മര്‍ക്കോ.3:12)
വിശുദ്ധ യോഹന്നാന്‍ തന്റെ സുവിശേഷത്തില്‍ പറയുന്നത് “ ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല.പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത് “ (യോഹ.1:18)
നിക്കോദേമൂസിനോട് ഈശോ പറയുന്നു “ ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷിക്കാനല്ല അവന്‍ വഴി ലോകത്തെ രക്ഷിക്കാനാണ്. ദൈവത്തിന്റെ ഏകജാതനില്‍ വിശ്വസിക്കാത്തവന്‍ നേരത്തേ തന്നെ ശിക്ഷയ്ക്ക് വിധിയ്ക്കപെട്ടിരിക്കുന്നു.“ (യോഹ.3:16-18) ആ ഭാഗം തുടര്‍ന്നു വായിക്കുമ്പോള്‍ യേശു ദൈവ പുത്രനാണെന്നും, ജലത്താലും പരിശുദ്ധത്മാവിനാലും വീണ്ടും ജനിക്കണമെന്നും പറയുന്നു. ദൈവപുത്രന്റെ അധികാരത്തെപ്പറ്റി പറയുന്ന ഭാഗമാണ് മറ്റൊന്ന് (യോഹ.5:19) അതിനെ തുടര്‍ന്ന് വരുന്നഭാഗങ്ങളെല്ലാം യേശു ദൈവ പുത്രനാണെന്നു പറയുന്നു.
യഹൂദര്‍ക്ക് യേശു ദൈവപുത്രനാണെന്ന് അംഗീകരിക്കാനായില്ല. അവരോട് യേശു പറഞ്ഞു: ഞാന്‍ ദൈവപുത്രനാണെന്ന് പറഞ്ഞതുകൊണ്ട് നീ ദൈവദൂഷണം പറയുന്നു എന്ന് നിങ്ങള്‍ പറയുന്നുവോ? ഞാന്‍ എന്റെ പിതാവിന്റെ പ്രവര്‍ത്തികള്‍ ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ എന്നില്‍ വിശ്വസിക്കേണ്ടാ. എന്നാല്‍ അവ ചെയ്യുന്നെങ്കില്‍ നിങ്ങള്‍ എന്നില്‍ വിശ്വസിക്കുന്നില്ലെങ്കിലും പ്രവര്‍ത്തികളില്‍ എങ്കിലും വിശ്വസിക്കുവിന്‍.
മറ്റുള്ളവരുടെ മുന്‍പില്‍ ആളാകാനല്ല അവിടുന്ന് അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചത്. രോഗികള്‍ക്കും,അന്ധര്‍ക്കും,ചെകിടര്‍ക്കും, സമൂഹം അവഗണിച്ചവര്‍ക്കും ഇടയിലേക്കാണ് അവിടുന്ന് കടന്നു ചെന്നത്. ഈ വിധം അത്ഭുതങ്ങള്‍ യേശു നാമത്തില്‍ മാത്രമാണ് നടക്കുന്നത്. കാരണം ജീവന്റെ നാഥനാണാവിടുന്ന്. അവനു മാത്രമേ മനുഷ്യന്റെ അവസ്ഥകളിലേക്ക് ഇറങ്ങി ചെല്ലാനാകൂ. അതു കൊണ്ടാണ് ഇക്കാലത്തും അവിടുത്തെ നാമത്തില്‍ ഇത്തരം അത്ഭുതങ്ങള്‍ നടക്കുന്നത്. സകലത്തിന്റെയും നാഥന്‍ അവിടുന്നാണെന്ന് സര്‍വ്വരും വിശ്വസിക്കേണ്ടതിനാണത്. സര്‍വ്വോപരി മരണത്തെപ്പോലും ജയിച്ചുയിര്‍ത്ത അവനല്ലാതെ മറ്റൊരു സത്യമുണ്ടോ?
എന്താണ് സത്യം
രണ്ടായിരംവര്‍ഷങ്ങള്‍ക്ക് മുന്‍പ് പീലാത്തോസിന്റെ മുന്‍പില്‍ വിചാരണ ചെയ്യുവാനായി ഈശോയെ കൊണ്ടു വന്നപ്പോള്‍ പീലാത്തോസ് ഈശോയോട് ചോദിച്ചതാണ് ഈ ചോദ്യം. മറുപടി അപ്പോള്‍ ഈശോ പറയുന്നില്ലങ്കിലും അവിടുത്തെ അടുത്തറിഞ്ഞവര്‍ സത്യത്തെ അന്വേഷിച്ച് അലയേണ്ടി വന്നിട്ടില്ല.
സത്യം ഈശോ തന്നെയാണെന്ന് തിരിച്ചറിയുന്നവര്‍ക്കേ അസത്യങ്ങള്‍ തിരിച്ചറിയുവാനും അസത്യത്തിനെതിരേ പോരാടാനും സാധിക്കുകയുള്ളൂ. യേശു പറയുന്നു: “ നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രമാക്കുകയും ചെയ്യും.” ( യോഹ.8:32) "വഴിയും സത്യവും ജീവനും ഞാനാണ്....” (യോഹ.14:6) യേശു രക്ഷകനാണ് ഏതു ബന്ധനത്തില്‍ നിന്നും മോചിപ്പിക്കുവാന്‍ യേശുവിനു കഴിയും എന്നതാണ് നാം അറിയേണ്ട ഏറ്റവും വലിയ സത്യം.
സത്യത്തെ നാം തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍ നാം സത്യമെന്ന് കരുതിയതെല്ലാം അസത്യമാണെന്ന് തിരിച്ചറിയും. യേശുവിനെ ദൈവപുത്രനായി അംഗീകരിച്ചവരും ആ മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവരും സത്യത്തിന്റെ വെളിച്ചം കണ്ടെത്തിയവരാണ്.
പരിശുദ്ധ ത്രീത്വം.
ഏക ദൈവം പിതാവും പുത്രനും പരിശുദ്ധാത്മാവും ചേർന്നതാണ്‌ എന്ന വിശ്വാസമാണ്‌ കത്തോലിക്കാ സഭയുടെ കാതൽ. സഭ ദൈവത്തിൽ മൂന്നാളുകളുണ്ടെന്ന സത്യം പഠിപ്പിക്കുന്നു.
ബൈബിളിൽ പിതാവിനെയും പുത്രനേയും പരിശുദ്ധാത്മാവിനേയും കുറിച്ചെഴുതിയിരിക്കുന്ന് കാര്യങ്ങൾ വ്യക്തമാണ്‌. പരി. കന്യാമറിയത്തിന്റെയടുക്കൽ ദൈവദൂതൻ വന്നപ്പോഴും യേശുവിന്റെ ജ്ഞാനസ്നാന വേളയിലും ത്രീത്വം സ്വയം വെളിപ്പെടുകയുണ്ടായി.
ധാരാളം അവസരങ്ങളിൽ പരിശുദ്ധാത്മാവിനെക്കുറിച്ച് ബൈബിളിൽ പറയുന്നുണ്ട്. നിങ്ങളോടുകൂടെയായിരിക്കുന്നതിന്‌ മറ്റൊരു സഹായകനെ ഞാനയച്ചു തരും ( യോഹ. 14:16)എന്ന് യേശു പറഞ്ഞു.ഉയിർപ്പിനു ശേഷം നിങ്ങൾ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ എന്നു പറഞ്ഞുകൊണ്ട് ഈശോ ശിഷ്യന്മാരുടെമേൽ നിശ്വസിച്ചു.പെന്തക്കുസ്ത തിരുന്നാൾ ദിനം മാതാവും ശിഷ്യരും പരിശുദ്ധാത്മാവിനാൽ നിറഞ്ഞു ( അപ്പ.2:3). പരിശുദ്ധാത്മാവിനെക്കൂടാതെ ആർക്കും യേശു കർത്താവണെന്ന് പറയുക സാധ്യമല്ല ( 1 കൊറി.12:3).
വി.യോഹന്നാൻ പറയുന്നതിപ്രകാരമാണ്‌; പിതാവായ ദൈവത്തെ തന്റെ പുത്രൻ വഴി പരിശുദ്ധാത്മാവിനാൽ ആരാധിക്കുന്നതാണ്‌ യഥാർത്ഥ ആരാധന ( യോഹ. 4:20-24 ).നമ്മുടെ ഏക മദ്ധ്യസ്ഥൻ യേശുക്രിസ്തുവാണ്‌. യേശുവിന്റെ നാമത്തിലാണ്‌ പിതാവിനോട് നാം പ്രാർത്ഥിക്കുക. പരിശുദ്ധാത്മാവാണ്‌ നമ്മുടെ ബലഹീനതകളിൽ നമ്മുടെ ഉള്ളിലിരുന്ന് പ്രാർത്ഥിക്കുന്നത്.എല്ലാ അനുഗ്രഹങ്ങളും ദൈവത്തിൽനിന്നാണ്‌ വരുന്നത്.
ത്രീത്വരഹസ്യം ഒരു സങ്കല്പമല്ല പരമ യാഥാർത്യമാണ്‌. ദൈവത്തിൽ വിശ്വസിക്കുന്ന ഏതൊരാൾക്കും അതു മനസിലാകും. നമ്മുടെ പ്രാർഥനയിൽ ഏക സാരാംശമായ പിതാവിനോടും പുത്രനോടും പരിശുദ്ധാത്മാവിനോടും നാം ബന്ധപ്പെടുന്നു.
വിശ്വസിച്ചവർക്കെല്ലാം അനുഭവമായിത്തീർന്ന ദൈവം. അത്രമാത്രം ശക്തിസ്വരൂപനും സ്നേഹ നിധിയുമാണവിടുന്ന്. ആ സ്നേഹം തിരിച്ചറിയുകയാണ്‌ നമ്മുടെ ജീവിതത്തിലെ ഏറ്റവും നലിയ ഭാഗ്യം. സത്യദൈവത്തിൽ ഒന്നായിരിക്കുക ഏറ്റവും വലിയ സമ്പത്തും.


ഞാനറിയുന്ന യേശു ഞാനറിയുന്ന യേശു Reviewed by Snehithan on 10:38 AM Rating: 5

No comments:

Powered by Blogger.